ഭാഗം 1 - സാഗർ ഹോസ്പിറ്റൽ, ബന്നാർഘട്ട റോഡ്, സമയം ഒരുമണി...

ആശുപത്രിയെ പറ്റിയോർക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് മനസ്സിൽ ഓടിയെത്തുന്നത്...ഒന്ന് ആറുവര്ഷംമുമ്പ് നടന്ന രണ്ടു മരണങ്ങളും, മറ്റൊന്ന് മൂന്ന് വര്ഷം മുൻപത്തെ ഒരു ജനനവും...

ഡോക്ടറുടെ പരിശോധനാമുറിക്കു പുറത്തു ഊഴവും കാത്തിരിക്കുന്നു...ചുറ്റും ഒരുപാടാളുകളുണ്ട്...പല ഭാഷയും വേഷവും ഉള്ളവർ ...ചിലർ തളർന്നോടിഞ്ഞിരിക്കുന്നു...മറ്റുചിലർ ഡോക്ടറുടെ മുറിയുടെ വാതിലിലേക്ക് നോക്കി അക്ഷമരായിരിക്കുന്നു...നല്ല വസ്ത്രം ധരിച്ചവരാണ് ഭൂരിഭാഗം. കൂട്ടത്തിൽ മുഴിഞ്ഞവസ്ത്രം ധരിച്ച വൃദ്ധരും ചെക്കറുപ്പക്കാരും ഉണ്ട്. ഇടയിൽ അല്പവസ്ത്രധാരികളായ ചില ഉത്തരേന്ത്യൻ ചെറുപ്പകാരികളും. അടുത്തിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു...കസേരയിൽ രണ്ടുകാലും കയറ്റിവെച്ചു പാതി മയക്കത്തിലാണ് പുള്ളി. കണ്ടാലറിയാം പനിക്കേസാണെന്ന്. തളർന്നോടിഞ്ഞ ആ ചെറുപ്പകാരൻ ഓരോ രോഗിയും പുറത്തിറങ്ങുമ്പോഴും അകത്തുകേറുമ്പോഴും അവരെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. മുഷിഞ്ഞ പഴയ സ്റ്റൈലിലുള്ള പാന്റും ഷർട്ടും പിന്നെ ഒരു തേഞ്ഞ ചെരുപ്പുമാണ് വേഷം...ഞാൻ എന്നെയും ആ ചെറുപ്പകാരനെയും താരതമ്യം ചെയ്യുകയായിരുന്നു...ജീവിതത്തിൽ മുട്ടുണ്ടായിട്ടുള്ളത് എന്തിനാണ്...ധരിക്കാൻ നല്ല വസ്ത്രം, മാറി മാറി ധരിക്കാൻ വിലപിടിപ്പുള്ള വാച്ചുകൾ, നല്ല ചെരുപ്പുകൾ, ഇഷ്ടപെട്ട സുഗന്ധലേപനങ്ങൾ. എന്റെ മനസ്സ് പഴയകാലത്തേക്കു പോകുകയാണ്. പാതി ദരിദ്രത്തിലും ഓണം പോലെ കഴിഞ്ഞ എന്റെ ബാല്യം. അന്നൊക്കെ ഒരു ജോഡി പുതിയ കുപ്പായം കിട്ടണമെങ്കിൽ ഓണം പോലെ എന്തെങ്കിലും വരണം. എന്റെ ഊഴം വന്നു, തലേന്നത്തെ ബ്ലഡ് ടെസ്റ്റുകളുടെ റിസൾട്ടും വാങ്ങി ആസമയത്തേക്ക് സൗമ്യയും എത്തിയിരുന്നു..

കഴിഞ്ഞ കുറച്ചുനാളായി ചുമ വിട്ടുമാറുന്നില്ല...കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഡോക്ടർ പറഞ്ഞത് ഇത് കടുത്ത broncitic Allergy മൂലമാണെന്നാണ്. അഡ്മിറ്റ് ആവണമെന്നാണ് പറഞ്ഞത്. സൗമ്യക്കും മോൾക്കും പനിയാണ്. അവരെവിട്ട് എനിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റാവാൻ  പറ്റില്ല. അതുകൊണ്ടു ഡോക്ടറും കുറച്ചു നീരസത്തിലാണ്. പിന്നെയും മൂന്ന് നാല് ദിവസത്തെ റെസ്റ്റും മരുന്നുകളും നെബുലൈസഷനും എല്ലാം ചെയ്യണം. ഇറങ്ങാൻ നേരത്തു വീണ്ടും ഡോക്ടർ ഓർമിപ്പിച്ചു, "അഡ്മിറ്റാവാൻ നിങ്ങൾ തയ്യാറല്ല, അതുകൊണ്ടു ഇത് ഒരു compromise treatment ആണ്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കണം".

ഭാഗം 2 - അടയാർ ആനന്ദഭവൻ ഹോട്ടൽ, ഉടുപ്പിഗാർഡൻ സിഗ്നൽ, BTM layout.

മുകളിലെ ശീതീകരിച്ച ഭക്ഷണശാലയിലെ സോഫയിൽ ചാരി ഓർഡർ ചെയ്ത ഉച്ചഭക്ഷണം കാത്തിരിക്കുന്നു...മുൻപിലെ വിശാലമായ ചില്ലു ജാലകത്തിലൂടെ നോക്കിയാൽ മുൻപിലുള്ള കോൺക്രീറ്റ് കാടുകളും അവക്കിടയിൽ അങ്ങിങ്ങായി നിൽക്കുന്ന ഗത്യന്തരമില്ലാത്ത പൊടിപിടിച്ചു തവിട്ടു നിരത്തിലായ മരങ്ങളും കാണുന്നു...പാവങ്ങൾ, ഇവക്കാണ് ദൈവം കാലും കയ്യും കൊടുക്കേണ്ടിയിരുന്നത്, ഈ നഗരത്തിൽ നിന്നും ഓടി രക്ഷപെടാൻ...നട്ടുച്ചയായാലും വാഹനങ്ങൾ റോഡിലൂടെ തിക്കി തിരക്കി പോകുന്നുണ്ട്...എല്ലാവര്ക്കും തിരക്കാണ്...എങ്ങോട്ടോ എത്താനുള്ള ഓട്ടം...ഇതിനിടയിൽ ഈ നഗരത്തിൽ ഞങ്ങളും ഓടുന്നു...വീട്ടിലെത്താൻ, ഓഫീസിലെത്താൻ...ഓടിത്തളരുമ്പോൾ ആയിരിക്കും ആ തിരിച്ചറിവ് "യാതൊരു ലക്ഷ്യബോധവുമില്ലാത്തതാണെന്ന" ആ നഷ്ടബോധത്തിന്റെ തിരിച്ചറിവ്...ഓടി തളർന്നുതുടങ്ങിയിരിക്കുന്നു. ഇനി താമസിയാതെ ഓട്ടം നിർത്തി നടക്കണം, സ്വന്തം കുടുംബത്തിന്റെ കൈപിടിച്ചുള്ള ഇഷ്ടപെട്ടരീതിയിൽ ജീവിക്കാനുള്ള ഒരു "നടത്തം"....

ഒരിക്കൽ മനോഹാരിയായിരുന്ന ഉദ്യാനനഗരമേ, നീയെന്റെ പോറ്റമ്മയാകുന്നു...നന്ദി...എല്ലാത്തിനും നന്ദി...നീ തന്ന broncitic allergy ക്കും അതുമൂലം നഷ്ടപെട്ട കുറച്ചായിരങ്ങള്ക്കും  നന്ദി...   

Popular posts from this blog