ജൂലായ് 12 ന് അമ്മയുടെ പിറന്നാളാണ്..പുതിയ വീട്ടിലെ ആദ്യത്തെ പിറന്നാളായതുകൊണ്ട് എനിക്ക് വീട്ടിൽ തന്നെ ആഘോഷിക്കണം എന്നായിരുന്നു...അമ്മക്ക് എന്തോ അതിനോട് യോജിപ്പ് തോന്നിയില്ല...ഓ...ഞാൻ മറന്നു, ജൂലായ് 13 എന്ന ദുരന്തത്തിന്റെ ഓർമ്മ എന്നെ വിട്ടു പിരിഞ്ഞുവോ?? പത്തുമാസം ചുമന്നു പ്രസവിച്ച ഇരുപത്തിനാലു വയസ്സുവരെ വളർത്തിയ മകളുടെ വേർപാട് അമ്മയെ വിട്ടുപിരിയില്ലല്ലോ...ആറുവർഷം തികയുന്നു...

ജൂലായ് 11 വൈകുന്നേരം ബംഗളുരു നഗരത്തിലെ ഗതാഗത തിരക്കിൽ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള തിടുക്കത്തിലായിരുന്നു...ട്രെയിൻ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള സമയമാകുന്നു...അമ്മക്കാണെങ്കിൽ മുൻപ് പലവട്ടം വന്നിട്ടുണ്ടെങ്കിലും ഇപ്പോളും സ്ഥലമൊന്നും അറിയില്ല...കക്ഷിക്ക്‌ പണ്ടില്ലാത്ത ഒരു വെപ്രാളമാണ്, മാത്രമല്ല അകാരണമായ ഭയവും...ഗതാഗത കുരുക്കിലൂടെ തിക്കി തിരക്കി റെയിൽവേ സ്റ്റേഷനിൽ എത്തി...അപ്പോഴാണ് മനസ്സിലായത്, ക്യാബ് ഡ്രൈവർക്കു കൊടുക്കാൻ കയ്യിൽ പൈസയില്ല...ഓൺലൈൻ പയ്മെന്റ്റ് സിസ്റ്റം എല്ലാം ഡൌൺ ആയതുകൊണ്ട് അതും നിവൃത്തിയില്ല...ഇപ്പോൾ തന്നെ വൈകി, ട്രെയിൻ എത്തേണ്ട സമയവും കഴിഞ്ഞു...ഡ്രൈവറോട് ക്ഷമ ചോദിച്ചു ഞാൻ റെയിൽവേ സ്റ്റേഷന് മുൻപിലുള്ള എടിഎം കൗന്റെരിലേക്കു നടന്നു. തിരക്കൊന്നുമില്ല. പണം എടുത്തു ഡ്രൈവർക്കു കൊടുത്തു ഞാനും ഭാര്യയും റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷനുമുന്പിൽ ഒരുപാട് പോലീസുകാർ തടിച്ചു കൂടിയിട്ടുണ്ട്...അവരുടെ ഇടയിലൂടെ നടന്നു പ്ലാറ്റഫോം ടിക്കറ്റ് കൈക്കലാക്കി പ്ലാറ്റഫോമിലേക്കു നടന്നു. AC കോച്ച് നിർത്തുന്നത് പുറകിലാണ്...ദൃതിയിൽ നടന്നു ഞങ്ങൾ അവിടെയെത്തി. ആ സമയത്തേക്ക് ട്രെയിൻ വന്നു...

ട്രെയിന്റെ ജനൽച്ചില്ലിലൂടെ വാതിലിനടുത്തേക്കുള്ള വരിയിൽ ക്ഷമയോടെ 'അമ്മ നിൽക്കുന്നുണ്ടായിരുന്നു. കയ്യിൽ ഭാരമുള്ള ഒരു ബിഗ് ഷോപ്പർ ബാഗും പിന്നെ മറ്റൊരു ബാഗും ഉണ്ട്. യാത്രാ ക്ഷീണവും ബാഗിന്റെ ഭാരവും മുഖഭാവത്തിൽ കാണാം, വാതിലിനടുത്തെത്തി...എന്നേക്കാൾ മുൻപേ സൗമ്യ (എന്റെ ഭാര്യ) അമ്മയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി, അമ്മയുടെ കൈപിടിച്ചു ഇറങ്ങാൻ സഹായിച്ചു. യാത്രാ ക്ഷീണത്തിലും എന്നെ കണ്ട സന്തോഷവും എന്തോ സങ്കടവും അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു. ഭാരമുള്ള ബാഗിൽ നിറയെ ഞങ്ങൾക്കിഷ്ടമുള്ള പലഹാരങ്ങളാണ്. ഞങ്ങൾക്കല്ല...അധികവും എന്റെ മകൾക്ക്... തിരക്കിനിടയിലൂടെ പുറത്തെത്തി. അവിടെ നിന്നും ഒരു ഓട്ടോറിക്ഷയിൽ തിരിച്ചു വീട്ടിലേക്ക്. പോകും വഴി ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. സൗമ്യ എന്തൊക്കെയോ കന്നഡഭാഷയിൽ ഡ്രൈവറോടുസംസാരിക്കുന്നുണ്ട്. അവൾ ജനിച്ചതും വളർന്നതും ഈ നഗരത്തിലാണല്ലോ. ഞാൻ ഒന്നും സംസാരിക്കാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്, 'അമ്മ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കും...

പോകുന്ന വഴിയിൽ സൗമ്യ പറഞ്ഞതുകൊണ്ട് ഡ്രൈവർ മാരുതി നഗർ മെയിൻ റോഡിലൂടെ ഞങ്ങളെ കൊണ്ടുപോയി. ഇടയ്ക്കു "Just Bake" ൽ വണ്ടി കുറച്ചു സമയത്തേക്ക് നിർത്താൻ ഡ്രോവരോട് പറഞ്ഞു...അമ്മയെ വണ്ടിയിലിരുത്തി, ഞാനും സൗമ്യയും ഒരു ബ്ലാക്ക് ഫോറെസ്റ് കേക്ക്  വാങ്ങി...തിരികെ വീട്ടിലേക്ക്...പതിവിനു വിപരീതമായി സൗമ്യ അമ്മക്കിഷ്ടമുള്ള കുറുവ അരിയുടെ ചോറും കറികളും തയ്യാറാക്കി വെച്ചിരുന്നു. പൊന്നു (എന്റെ കുഞ്ഞു മകൾ)വിനെ അടുത്തുള്ള ചിറ്റയുടെ (ഭാര്യയുടെ അമ്മയുടെ അനുജത്തി ) വീട്ടിൽ  വിട്ടിട്ടാണ് ഞങ്ങൾ അമ്മയെ കൊണ്ട് വരാൻ പോയത്. അവളെ തിരിച്ചു കൊണ്ടുവന്നു. അമ്മയോട് എന്റെ മകളുടെ അടുപ്പം ഞങ്ങളെക്കാളേറെയാണ്. അവൾ അമ്മയെ "അമ്മിണിയമ്മ" എന്നാണ് വിളിക്കുക. അമ്മയെ കണ്ടതും എന്റെ ഒക്കത്തു നിന്ന് അവൾ ചാടിയിറങ്ങി അമ്മയുടെ അടുപോയി അവളുടെ പതിവ് ചിരിയും കളിയും തുടർന്നു...ആ സന്തോഷം എന്നും എനിക്ക് കണ്ണ് നിറയിക്കുന്നതായിരുന്നു....ആ പതിവ് പണ്ടത്തെപ്പോലെ ഇപ്പോഴും...

ഭക്ഷണം കഴിഞ്ഞു അമ്മയും എന്റെ മകളും ഉറങ്ങാൻ കിടന്നു...ഞാനും സൗമ്യയും മണി 12 ആവാൻ കാത്തിരിക്കുകയാണ്...മുറിയുടെ വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ 'അമ്മ ഉറങ്ങുകയാണ്, പൊന്നു അമ്മയെയും കെട്ടിപിടിച്ചു അടങ്ങിയൊതുങ്ങി നല്ലകുട്ടിയായി കണ്ണുമിഴിച്ചുകിടക്കുന്നു, സ്വതവേ അവൾ ഞങ്ങളുടെ അടുത്ത് അടങ്ങി കിടക്കാറില്ല.

സൗമ്യ അമ്മയെ ഉണർത്താതെ, പൊന്നുവിനെ എടുത്തു എന്റെ കൈയിലേക്കുതന്നു...അവൾ പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ എന്നെ നോക്കി ഇടയ്ക്കു ചിരിച്ചു മിണ്ടാതെ ഇരുന്നു....സൗമ്യ കേക്കിന്റെ കവർ മാറ്റി വൃത്തിയാക്കിയ നിലത്തു വെച്ചു...പതിയെ ഞാൻ മെഴുകുതിരികൾ നിരത്തി കത്തിച്ചു...സമയം 12. അമ്മയെ ഉറക്കത്തിൽ നിന്നുണർത്തി കൊണ്ട് വന്നു...'അമ്മ സന്തോഷവും സങ്കടവും നിഴലിക്കുന്ന നിറകണ്ണുകളോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു...എന്നേക്കാൾ മുമ്പേ സൗമ്യ അമ്മയെ കെട്ടിപിടിച്ചു പിറന്നാൾ ആശംസകൾ നേര്ന്നുണ്ടായിരുന്നു...അവർ മൂന്നുപേരും ചേർന്ന് കേക്ക് മുറിക്കുന്നു... നിറകണ്ണുകളോടെ അതെല്ലാം എന്റെ പുതിയ ഫോൺ ക്യാമെറയിൽ പകർത്തുകയായിരുന്നു....

എന്റെ കുടുംബം...മെഴുകുതിരി വെളിച്ചത്തിൽ അതിങ്ങനെ നിറകണ്ണുകളോടെ നോക്കി നിൽക്കാൻ എന്നെ അനുവദിച്ച, കുറച്ചു ജീവിത ശൈലീജന്യ രോഗങ്ങൾക്കിടയിലും അതിനുവേണ്ടി എന്നെ ആരോഗ്യവാനായി നിലനിർത്തുന്ന എന്റെ കാവിലമ്മക്ക് നന്ദി...
     

Popular posts from this blog